കോഴിക്കോട്: വടകര പയ്യോളിയിൽ ഖബർ തുറന്ന് മൃദദേഹം പോസ്റ്റ് മോർട്ടം നടത്തി. മകൻറെ പരാതിയെ തുടർന്നാണ് പിതാവ് ഈളുവയൽ മുഹമ്മദിൻറെ ഖബർ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മുഹമ്മദ് മരിച്ചതെന്ന് പോസ്റ്മോർട്ടത്തിൽ വ്യക്തമായി.
27 വർഷമായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന പയ്യോളി അങ്ങാടി സ്വദേശി മുഹമ്മദ് കഴിഞ്ഞ മാസം 26 നാണ് മരിച്ചത്. വീട്ടിലെ കസേരയിൽ മരിച്ച നിലയിൽ മുഹമ്മദിനെ കാണപ്പെട്ടുകയായിരുന്നു. തുടർന്ന് സഹോദരൻ ഇസ്മായീലിനെ വിവരം അറിയിക്കുകയും ചെയ്‌തു.ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം ചെരിച്ചിൽ പള്ളിയിൽ ഖബറടക്കുകയും ചെയ്‌തിരുന്നു. എന്നാൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌തിരുന്നില്ല.
മരണത്തിന് പിന്നാലെ മുഹമ്മദിൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും പിൻ വലിച്ചിട്ടുണ്ടായിരുന്നു. ഇതിൽ സംശയം തോന്നിയാണ് മകൻ പരാതി നൽകിയത്. പോലീസ് അന്വേഷണം നടത്തിയപ്പോൾ ബാങ്കിൽ നിന്നും പണം പിൻവലിച്ചത് മരണാന്തര ക്രിയകൾ ചെയ്യുന്നതിന് വേണ്ടിയായിരുന്നുവെന്ന് വ്യക്തമായി. ബാക്കിയുള്ള പണം ബാങ്കിൽ തന്നെ ഉണ്ടായിരുന്നു.
വടകര ആർടിഒ അൻവർ സാദത്തിൻറെ സാന്നിധ്യത്തിലായിരുന്നു നടപടി. മരണകാരണം വ്യക്തമാക്കണമെന്നതിനാലാണ് പരാതി നൽകിയതെന്ന് മകൻ മുഫീദ് പറഞ്ഞു. എന്നാൽ മുഫീദിൻറെ പരാതിയിൽ കഴമ്പില്ലെന്ന് മരിച്ച മുഹമ്മദിൻറെ സഹോദരൻ ഇസ്മായീൽ പറഞ്ഞു.



