കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പോലീസുകാർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. മുഖ്യപ്രതി ബിന്ദുവും പോലീസുകാരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. വിജിലൻസിലെയും സിറ്റി പോലീസ് കൺട്രോൾ റൂമിലേയും പോലീസ് ഡ്രൈവർമാർക്കെതിരെയാണ് അന്വേഷണം. ഒരു എക്സൈസ് ഉദ്യോഗസ്ഥനും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോ എന്ന സംശയവുമുണ്ട്. ഇതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
പോലീസുകാർക്കെതിരെ നേരത്തെ തന്നെ ഡിസിപിക്ക് പരാതി ലഭിച്ചിരുന്നതായി അറിയുന്നു. സെക്‌സ് റാക്കറ്റുമായി ബന്ധമുള്ള പോലീസുകാരെ കുടുക്കുന്നതിനുള്ള ശ്രമങ്ങൾ രണ്ടു മാസം മുൻപ് തന്നെ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ആറ് സ്ത്രീകൾ ഉൾപ്പടെ ഒൻപത് പേരായിരുന്നു കഴിഞ്ഞ റെയ്‌ഡിൽ മലാപ്പറമ്പിൽ നിന്നും പിടിയിലായിരുന്നത്. മുഖ്യ പ്രതിയായ ബിന്ദുവിൽ നിന്നായിരുന്നു നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നത്. പോലീസുകാരുമായി ബിന്ദു നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും ഫോൺ കാളുകളടെയും വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ പോലീസുകാർക്കെതിരെ ഉടൻ നടപടിയുണ്ടാവുമെന്നറിയുന്നു.
മലാപ്പറമ്പിലെ അപ്പാർട്മെന്റിൽ പെൺ വാണിഭം നടക്കുന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയിഡിൽ ആറ് സ്ത്രീകൾ ഉൾപ്പടെ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കോഴിക്കോട് സ്വദേശിയുടേതായിരുന്നു അപാർട്മെന്റ്. ഒന്നര മാസമായി ഇവിടെ സ്ത്രീകൾ വന്നുപോയി കൊണ്ടിരുന്നു. പ്രധാനമായും ചെന്നൈ, തിരുവവന്തപുരം, ബംഗളുരു, കോയമ്പത്തൂർ ഈനിവിടങ്ങളിൽ നിന്നായിരുന്നു ഇവിടെ സ്ത്രീകൾ വന്നു കൊണ്ടിരുന്നത്. പ്രതിമാസം ഒന്നര ലക്ഷം രൂപയാണ് പ്രതി വാടകയിനത്തിൽ കെട്ടിടയുടമക്ക് നൽകിയിരുന്നത്
സെക്‌സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പ് കാരി ബിന്ദുവാണെന്ന് പോലീസ് പറഞ്ഞു. നേരത്തെയും ബിന്ദു ഇത്തരത്തിൽ സെക്‌സ് റാക്കറ്റ് കേന്ദ്രങ്ങൾ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ബിന്ദു ഒഴികെയുള്ള പ്രതികൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ബിന്ദു റിമാൻഡിൽ തന്നെയാണ്.



