റിയാദ്: സൗദിയിലെ ഭക്ഷണശാലകളിൽ പുക വലിച്ചാൽ 5,000 റിയാൽ പിഴ ചുമത്തും. അടുക്കളയിലെ തൊഴിലാളികൾ ഫേസ് മാസ്‌ക് ധരിച്ചല്ലെങ്കിൽ 1,000 റിയാലാണ് പിഴ. തല മറക്കാതിരുന്നാലും 1,000 റിയാൽ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
ഭക്ഷ്യ മേഖലയിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുക എന്ന ലക്ഷ്യത്തോടെ മുനിസിപ്പാലിറ്റി ഭവന മന്ത്രാലയമാണ് നിയമലംഘകർക്ക് പിഴ പ്രഖ്യാപിച്ചത്. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുമായി ചേർന്നാണ് പദ്ധതി വികസിപ്പിച്ചെടുത്തത്. ശുചിത്യ രീതികൾ ശക്തി പെടുത്തുന്നതിനും ഉപോഭോകൃ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതർ അറിയിച്ചു.
ഭക്ഷണശാലയിൽ യൂണിഫോം ധരിച്ചില്ലെങ്കിൽ 500 റിയാൽ പിഴ നൽകണം. ഫ്രഷ് ജ്യൂസിന്റെ പേരിൽ ഫ്രോസൺ ജ്യൂസുകൾ നൽകിയാൽ 1,000 റിയൽ പിഴയൊടുക്കേണ്ടിവരും. തൊഴിലാളികൾ മൂക്കിലും വായിലും തൊടുകയോ തുപ്പുകയോ ചെയ്‌താൽ 2,000 റിയാലാണ് പിഴ നൽകേണ്ടത്. ചെറിയ പിഴകൾക്ക് പരിഹരിക്കാൻ സമയം അനുവദിക്കുമെന്നും എന്നാൽ ഗുരുതര പിഴവുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടനടി പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. .



