ഗാസ: ഗാസ സിറ്റിയിൽ ഫലസ്‌തീനിയൻ പത്രപ്രവർത്തകൻ സാലിഹ് അൽ ജാഫറാവി കൊല്ലപെട്ടു. ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് ചൂടാറും മുന്നെയാണ് സാലിഹ് കൊല്ലപ്പെടുന്നത്. സാബ്രയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ആയുധങ്ങളേന്തിയ ആളുകൾ സാലിഹിനെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ഫലസ്‌തീൻ സ്രോതസുകൾ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്‌തു.
കഴിഞ്ഞ ദിവസം രാവിലെ മുതൽ സാലിഹിനെ കാണാനില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥരും ദോഘ്മുഷ് സംഘത്തിലെ ആളുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായതാണ് റിപ്പോർട്ടുകൾ. ഗാസ സിറ്റിയിലെ ഏറ്റുമുട്ടലിൽ ഇസ്രായേൽ അധിനിവേശവുമായി ബന്ധമുള്ള സായുധ സേനയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗാസയിലെ ആഭ്യന്തര മന്ത്രാലയത്തിന്റ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.



