ഗാസ: ഇസ്രായേൽ വിട്ടുകൊടുത്ത 90 ഫലസ്‌തീനികളുടെ മൃതദേഹങ്ങളിൽ പലതിലും ക്രൂര മര്ദനങ്ങളുടെ പാടുകളുണ്ടന്ന് റിപ്പോർട്ട്. പീഡനത്തിൻറെ തെളിവുകൾ, വധ ശിക്ഷ, വെടിയേറ്റ പാടുകൾ തുടങ്ങിയവ മൃതദേഹത്തിൽ കാണാമെന്ന് റെഡ് ക്രോസിൽ നിന്നും മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ ഖാൻ യൂനിസിലെ അൽ നാസർ ഹോസ്‌പിറ്റലിലെ ഡോക്ടർമാർ പറഞ്ഞു. മൃതദേഹങ്ങൾ ഒന്നും തിരിച്ചറിയാൻ സാധിച്ചില്ലെന്നും ഡോക്ടർമാർ വ്യക്‌തമാക്കി.
മൃതദേഹങ്ങളിൽ പലതും കണ്ണ് കെട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. കണ്ണുകൾക്കിടയിൽ വെടിയേറ്റത്തിന്റെ പാടുകളുണ്ട്. മിക്കവാറും വധശിക്ഷക്ക് വിധേയരായവരാണ്. മരണത്തിന്റെ മുൻപ് ക്രൂര മർദനം ഏറ്റത്തിന്റെ പാടുകൾ ശരീരത്തിലുണ്ട്. കൊല്ലപ്പെട്ടതിന് ശേഷവും മൃതശരീരങ്ങളോട് ക്രൂരത ചെയ്‍തത്തിൻറെ അടയാളങ്ങൾ കാണാം. ഡോക്ടർ അഹമ്മദ് അൽ ഫറ്റ പറഞ്ഞു. തിരിച്ചറിയൽ രേഖകളില്ലാതെയാണ് ഇസ്രായേൽ സേന മൃതദേഹങ്ങൾ വിട്ടുകൊടുത്തത്. ആക്രമണങ്ങളിൽ നശിച്ച ഗാസയിലെ ആശുപത്രികളിൽ ഡിഎൻഎ വിശകലനം ചെയ്യാനുള്ള സംവിധാനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാസയിലെ താമസ സ്ഥലങ്ങളിൽ നിന്നും ഇസ്രായേൽ ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുക ബുദ്ധിമുട്ടുള്ള പ്രക്രിയയാണെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇത് ഭയാനകമായ ഒരു പ്രക്രിയയാണെന്നും അതേകുറിച്ച് സംസാരിക്കാൻ തനിക്ക് ഇഷ്ടമല്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.
ചില സ്ഥലങ്ങളിൽ ആളുകൾ കുഴിക്കുകയും കൂടുതൽ മൃതദേഹങ്ങൾ ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ മൃതദേഹങ്ങൾ അവർ വേർതിരിക്കും. നിങ്ങൾ ഇത് വിശ്വസിച്ചെന്ന് വരില്ല. പഴക്കമുള്ള മൃതദേഹങ്ങൾ അതിലുണ്ട്.ചില മൃതദേഹങ്ങൾ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് അടിയിലാണ്. ചില മൃതദേഹങ്ങൾ മൂന്നടി നീളമുള്ള തുരങ്കങ്ങൾക്കടിയിലാണ് ട്രംപ് പറഞ്ഞു
വെടി നിർത്തൽ കരാറിന് ശേഷവും ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ് ലസിൽ കടന്നുകയറി ഇസ്രായേൽ സൈന്യം നടത്തിയ റെയ്‌ഡിൽ രണ്ടുപേർ കൊല്ലപ്പെട്ടെന്ന് വഫ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇസ്രായേൽ റെയ്‌ഡിനെ തുടർന്നുണ്ടായ ആക്രമണത്തിൽ നാലു കുട്ടികൾ ഉൽപ്പടെ എട്ട് പേർക്ക് പരിക്കേറ്റു സ്ഥലത്തെ ഒരു വീട് ഉപരോധിക്കുകയും ഒരാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തതിന് ശേഷം ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിൽ നിന്ന് പിന്മാറിയെന്ന് റിപ്പോർട്ടിൽ പറയുന്നു.



