കോഴിക്കോട്: താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരി മരണപെട്ടതിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി നൽകി കുട്ടിയുടെ കുടുംബം. കുട്ടിയുടെ മരണകാരണം ചികിത്സ പിഴവാണെന്ന് കാണിച്ചാണ് കുട്ടിയുടെ അമ്മ രംബിസ പരാതി നൽകിയത്. കുട്ടിയെ ഡോക്ടർമാർ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെന്നും നേരത്തെ ഉന്നയിച്ച കാര്യുങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ തെളിഞ്ഞെന്നും മാതാവ് രംബീസ പറഞ്ഞു. ചികിത്സ പിഴവ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്‌പിക്കാണ് പരാതി നൽകിയത്. ചികിൽസിച്ച ഡോക്ടർക്കെതിരെ നടപടി വേണമെന്ന് ആവശ്യപെട്ട് ആരോഗ്യ മന്ത്രിക്കും പരാതി നൽകും.
അതേസമയം, കുട്ടിയുടെ മരണത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഗോപാലകൃഷ്‌ണൻ പറഞ്ഞു. ന്യുമോണിയയുടെ ലക്ഷണങ്ങൾ കുട്ടിക്കുണ്ടായിരുന്നില്ലെന്നും അമീബിക് ആണെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി റിപ്പോർട്ട്. ഫോറൻസിക് റിപ്പോർട്ടിലും മൈക്രോ ബിയോളജി റിപ്പോർട്ടിലും വ്യത്യാസങ്ങൾ ഉണ്ട്. ഈ റിപ്പോർട്ടുകളിലെ അവ്യക്തതകൾ പരിഹരിക്കേണ്ടത് മെഡിക്കൽ കോളേജ് ആശുപത്രിയും മെഡിക്കൽ ബോർഡുമാണ്.
ആഗസ്‌ത് 14 നാണ് ഒമ്പത് വയസുകാരി അനായയെ പനിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വൈകീട്ട് മൂന്ന് മണിയുടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടി മരിക്കുകയായിരുന്നു. എന്നാൽ സ്രവ പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചതായി വ്യക്തമായെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
എന്നാൽ, അമീബിക് മസ്‌തിഷ്‌കജ്വരമല്ലെന്നും നേരത്തെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്‌തിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞിരുന്നതായി കുടുംബം അന്ന് പറഞ്ഞിരുന്നു. ഇതിനിടയിലാണ് കുട്ടി മരിച്ചത്. ഇൻഫ്ലുൻസ എ അണുബാധയെ തുടർന്നുള്ള വൈറൽ ന്യൂമോണിയ മൂലമാണെന്ന് വ്യക്തമാവുന്ന രീതിയിലുള്ള പോസ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ചികിൽസിച്ച താമരശേരി ആശുപത്രി അധികൃതർക്ക് വീഴ്‌ച പറ്റി എന്ന് ആരോപിച്ചാണ് കുടുംബം താമരശേരി ഡിഐഎസ്‌പിക്ക് പരാതി നൽകിയത്



