20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

വോട്ടർ പട്ടിക ശുദ്ധീകരണത്തിനെതിരെ കൊൽക്കത്തയിൽ മമതയുടെ കൂറ്റൻ റാലി

കൊൽക്കത്ത: വോട്ടർ പട്ടികയിലെ തീവ്രപരിഷ്‌കരണത്തിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് കൂറ്റൻ ഭരണഘടനാ സംരക്ഷണ റാലി സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ബി.ജെ.പി. നടത്തുന്ന അട്ടിമറിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് മമത പ്രഖ്യാപിച്ചു.

ബംഗ്ലാ ഭാഷ സംസാരിക്കുന്നതിൻ്റെ പേരിൽ രാജ്യത്തെ ജനങ്ങളെ ബംഗ്ലാദേശികളായി മുദ്രകുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു. ഹിന്ദി സംസാരിക്കുന്നവർ പാകിസ്‌താനി ആകാത്തതുപോലെ ബംഗാളി സംസാരിക്കുന്നവർ ബംഗ്ലാദേശിയാകുന്നില്ല.

സ്വാതന്ത്ര്യ സമരത്തിൽ പോരാടാത്ത വിഡ്ഢികളാണ് ഈ നീക്കത്തിന് പിന്നിൽ. സ്വാതന്ത്ര്യത്തിന് മുൻപ് ഇന്ത്യയും ബംഗ്ലാദേശും പാകിസ്താനും ഒരേ ഭൂമിയുടെ ഭാഗമായിരുന്നു എന്ന് അവർക്കറിയാത്തത് അതുകൊണ്ടാണ് എന്നും മമത പറഞ്ഞു.

തങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമോ എന്ന ഭീതിയിലാണ് സംഘടിത മേഖലയിലെ നിരവധി തൊഴിലാളികൾ. വ്യാജ ഏജൻസികളെ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതുകൊണ്ട് ബി.ജെ.പിക്ക് ബംഗാളിൽ അധികാരത്തിൽ വരാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.

റെഡ് റോഡിലെ ബി.ആർ. അംബേദ്കറുടെ പ്രതിമയുടെ സമീപത്ത് നിന്ന് ആരംഭിച്ച റാലിയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും സാധാരണ ജനങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. റാലി 3.8 കിലോമീറ്റർ ദൂരമാണ് പിന്നിട്ടത്.

Related Articles

- Advertisement -spot_img

Latest Articles