ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസം, ബിഹാറിലേക്ക് നാല് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയതിൽ സംശയങ്ങളുയർത്തി കപിൽ സിബൽ. ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമായി പുറപ്പെട്ട ട്രെയിനുകളിൽ 6000 ആളുകളാണ് ബിഹാറിലെത്തിയത്. യഥാർഥത്തിൽ ഇവർ വോട്ടർമാരായിരുന്നോ എന്നും, ഇത് വോട്ട് കൊള്ളയുടെ ഭാഗമായ ആസൂത്രിത നീക്കമാണോ എന്നും മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ ചോദ്യങ്ങൾ ഉന്നയിച്ചു.
ഛഠ് പൂജ പോലുള്ള ഉത്സവ സീസണിൽ പോലും ഇത്തരം സ്പെഷ്യൽ ട്രെയിനുകൾ ഓടാറില്ലെന്ന് സിബൽ ചൂണ്ടിക്കാട്ടി. കേന്ദ്ര റെയിൽവേ മന്ത്രി ഈ വിഷയത്തിൽ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടർ തട്ടിപ്പിനുള്ള സാധ്യത നേരത്തെ ഉയർത്തിയ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.ക്കെതിരെ രംഗത്തെത്തിയത്.
ഉത്സവ സീസണിൽ പെട്ടെന്ന് തിരക്ക് കൂടുന്ന സാഹചര്യങ്ങളിൽ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തുന്നത് പതിവാണെന്നാണ് കപിൽ സിബലിൻ്റെ ആരോപണങ്ങൾക്ക് റെയിൽവേ മന്ത്രാലയം മറുപടി നൽകിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു ദുരുദ്ദേശ്യവുമില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഈ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. വോട്ടർ കൊള്ള ആരോപണങ്ങൾ ഗൗരവമായി അന്വേഷിക്കുമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.



