20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

പി.എം. ശ്രീ വിവാദം; ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം ഉച്ചഭക്ഷണ ഇടവേളയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് സംഭവം. പി.എം. ശ്രീ വിഷയം യോഗത്തിൽ ചർച്ചയായോ എന്ന ചോദ്യത്തിന് മറുപടിയായി “പത്രപ്രവർത്തകനായിട്ട് എത്ര കാലമായി?” എന്ന് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു.

പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം വൈകുന്നതിൽ സി.പി.ഐ. അതൃപ്തി അറിയിക്കുകയും മന്ത്രിമാർ മുഖ്യമന്ത്രിയെ കാണുകയും ചെയ്തതിന് പിന്നാലെയാണ് കേരളം കേന്ദ്രത്തിന് കത്തയച്ചത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പി.എം. ശ്രീ എന്നും, ഇത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും സി.പി.ഐ ശക്തമായ നിലപാടെടുത്തിരുന്നു.

വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഏകപക്ഷീയമായി കരാറിൽ ഒപ്പിട്ടത് വൻ വിവാദമായതിനെ തുടർന്നാണ് സർക്കാർ പദ്ധതി താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചത്. ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രം കേരളത്തിന് 92 കോടി രൂപ അനുവദിച്ചിരുന്നു. ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗം എടുത്തതിനെത്തുടർന്ന്, വിഷയം പഠിക്കാൻ സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട് എന്നും റിപ്പോർട്ട് വരുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചത്.

 

Related Articles

- Advertisement -spot_img

Latest Articles