‘ഇത് എൻ്റെ ബാബയാണ്… എൻ്റെ ഉമ്മയെ കണ്ടോ?’; ഗാസയിലെ പെൺകുട്ടിയുടെ നെഞ്ചുലക്കും ദൃശ്യങ്ങൾ

ഗാസ : വെടിനിർത്തൽ നിലവിൽ വന്ന ശേഷവും ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾക്ക് പിന്നാലെ ഗാസ സിറ്റിയിലെ സൈത്തൂൺ പ്രദേശത്തുണ്ടായ ബോംബാക്രമണത്തിൽ പരിക്കേറ്റ കുടുംബാംഗങ്ങളെ തിരയുന്ന ഫലസ്‌തീൻ പെൺകുട്ടിയുടെ ദൃശ്യങ്ങൾ നെഞ്ചുലക്കുന്ന കാഴ്ചയായി. പുലർച്ചെ ഖാൻ യൂനിസിലും ഗാസ സിറ്റിയിലുമായി ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 12 മണിക്കൂറിനിടെ 33 പേർ കൊല്ലപ്പെട്ടിരുന്നു.

അപ്രതീക്ഷിതമായ നടത്തിയ ആക്രമണത്തിന് പിന്നാലെ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നിടത്തേക്ക് ഓടിയെത്തിയ പെൺകുട്ടി ഉറക്കെ “ബാബാ, ബാബാ” എന്ന് കരയുകയായിരുന്നു. തിരച്ചിലിനിടെ നിലത്ത് കിടക്കുന്ന തൻ്റെ പിതാവിനെ തിരിച്ചറിഞ്ഞ അവൾ, “ഈ കിടക്കുന്നത് എൻ്റെ ബാബയാണ്, ഇത് നിങ്ങളുടെ മകൾ ബറായാണ്” എന്ന് പരിചരിക്കുന്നവരോട് കരഞ്ഞുകൊണ്ട് പറയുന്നു.

പിതാവിന് കാര്യമായ കുഴപ്പമില്ലെന്ന് ആളുകൾ പറഞ്ഞതോടെ ആശ്വസിച്ചെങ്കിലും, ഉടൻ തന്നെ അവൾ തൻ്റെ ഉമ്മയെയും കുഞ്ഞനിയനെയും തേടാൻ തുടങ്ങി. “നിങ്ങൾ എൻ്റെ ഉമ്മയെ കണ്ടോ… എൻ്റെ കുഞ്ഞനിയനെ കണ്ടോ..? അവരില്ലാതെ എനിക്ക് ജീവിക്കാനാവില്ല. എനിക്കെൻ്റെ ഉമ്മയെ വേണം, ജീവനായ ഉമ്മയെ, അനിയനെ” എന്ന് പറഞ്ഞുകൊണ്ട് നെഞ്ചിൽ കൈവെച്ച് കരയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ അൽജസീറ പുറത്തുവിട്ടു. ഇസ്രായേൽ സൈനികർക്ക് നേരെ വെടിയുതിർത്തുവെന്ന ഇസ്രായേലിൻ്റെ ആരോപണം ഹമാസ് നിഷേധിച്ചു.

Related Articles

- Advertisement -spot_img

Latest Articles