റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചക്കിടെ 21,134 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2025 നവംബർ 20 മുതൽ 26 വരെയുള്ള കാലയളവിലെ സംയുക്ത പരിശോധനകളിലാണ് സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജവാസത്തും ചേർന്നുള്ള അറസ്റ്റ്.
അറസ്റ്റിലായവരിൽ 13,128 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും, 3,180 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും, 4,826 പേർ അതിർത്തി സുരക്ഷാ ലംഘനങ്ങൾ നടത്തിയവരുമാണ്. നിയമവിരുദ്ധ പ്രവേശനത്തിനോ, താമസസൗകര്യം നൽകുന്നതിനോ സഹായിക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിയമലംഘകരെക്കുറിച്ച് പൊതുജനങ്ങൾക്ക് മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 വഴിയും മറ്റ് പ്രദേശങ്ങളിൽ 999 വഴിയും റിപ്പോർട്ട് ചെയ്യാവുന്നതാണ്.



