ന്യൂഡൽഹി: പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച പുതിയ നിയമങ്ങളെത്തുടർന്നുണ്ടായ ജീവനക്കാരുടെ കുറവ് കാരണം ഇൻഡിഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി തുടർച്ചയായ മൂന്നാം ദിവസവും തടസ്സപ്പെട്ടു. ഇന്ന് മാത്രം ഏകദേശം 300-ഓളം സർവീസുകളാണ് റദ്ദാക്കുകയോ, മണിക്കൂറുകൾ വൈകുകയോ ചെയ്തത്. കൊച്ചിയിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാർ കടുത്ത ദുരിതത്തിലായി. വിഷയത്തിൽ ഇടപെട്ട വ്യോമയാന മന്ത്രാലയം, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനോട് ഡിജിസിഎ റിപ്പോർട്ട് തേടി.
യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി പ്രധാന വിമാനത്താവളങ്ങളിൽ തത്സമയ ഫീൽഡ് പരിശോധനകൾ നടത്താൻ ഡിജിസിഎ പ്രാദേശിക ഓഫീസുകൾക്ക് നിർദേശം നൽകി. ഡൽഹി എയർപോർട്ട് ടെർമിനൽ ഒന്നിൽ നടത്തിയ പരിശോധനയിൽ, തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ യാത്രാ സഹായ ജീവനക്കാർ വിമാനത്താവളത്തിൽ ഇല്ലെന്ന് കണ്ടെത്തുകയും, ഉടൻ തന്നെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകുകയും ചെയ്തു.



