തിരുവനന്തപുരം: ആദ്യത്തെ ബലാത്സംഗക്കേസിൽ കേരള ഹൈക്കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞതിന് പിന്നാലെ, അതിവേഗ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ബംഗളുരുവിൽനിന്നുള്ള 23 വയസ്സുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ടാമത് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിലും അദ്ദേഹം തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഈ ഹരജി ഇന്ന് തന്നെ കോടതി പരിഗണിക്കും.
വിവാഹ വാഗ്ദാനം നൽകി ഹോം സ്റ്റേയിൽ വിളിച്ചുവരുത്തി ക്രൂരമായി ബലാത്സംഗം ചെയ്തു, ശരീരമാകെ മുറിവേൽപ്പിച്ചു, ഗർഭം ധരിക്കാൻ നിർബന്ധിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് രണ്ടാമത്തെ കേസിലെ പരാതിക്കാരി ഉന്നയിക്കുന്നത്. ഇൻസ്റ്റാഗ്രാം വഴിയാണ് രാഹുൽ സൗഹൃദം സ്ഥാപിച്ചതെന്നും വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ഹോം സ്റ്റേയിൽ എത്തിച്ച് പീഡിപ്പിച്ചതെന്നും ഇ-മെയിൽ മുഖേന നൽകിയ പരാതിയിൽ യുവതി പറയുന്നു.
അതേസമയം, പരാതിക്കാരി ആരാണെന്ന് പോലും തനിക്കോ അഭിഭാഷകർക്കോ വ്യക്തമായിട്ടില്ലെന്നാണ് രാഹുൽ ജാമ്യഹരജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.



