ജിദ്ദ: ‘ജിദ്ദ വായിക്കുന്നു’ (Jeddah Reads) എന്ന മുദ്രാവാക്യമുയർത്തി ജിദ്ദ സൂപ്പർഡോമിൽ ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള 2025-ന് തുടക്കമായി. ഡിസംബർ 20 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ആദ്യമായാണ് സൗദി സിനിമകളുടെ പ്രത്യേക പ്രദർശനം ഒരുക്കിയിരിക്കുന്നത്. 24 രാജ്യങ്ങളിൽ നിന്നുള്ള 1,000-ൽ അധികം പ്രാദേശിക, അന്താരാഷ്ട്ര പ്രസാധകരും ഏജൻസികളും 400-ഓളം സ്റ്റാളുകളുമായി മേളയിൽ പങ്കെടുക്കുന്നുണ്ട്.
പുസ്തകപ്രേമികൾക്കും എഴുത്തുകാർക്കുമുള്ള പ്രധാന വേദിയായി കണക്കാക്കുന്ന ഈ സാംസ്‌കാരിക മേളയിൽ 170-ൽ അധികം സാംസ്‌കാരിക പരിപാടികൾ നടക്കും. ഇതിൽ സെമിനാറുകൾ, ചർച്ചകൾ, പ്രമുഖ എഴുത്തുകാരുടെ പ്രഭാഷണങ്ങൾ, കവിതാ പാരായണം, കുട്ടികൾക്കായുള്ള പ്രത്യേക ഇടം, പ്രാദേശിക എഴുത്തുകാരെ പിന്തുണയ്ക്കുന്ന ‘സൗദി ഓതേഴ്‌സ് കോർണർ’, പത്രപ്രവർത്തന വൈദഗ്ധ്യം, കുട്ടികളുടെ കഥാ രചന, ഡിജിറ്റൽ പ്രതിസന്ധി കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങളിലെ അഞ്ച് വർക്ക്‌ഷോപ്പുകൾ എന്നിവ ഉൾപ്പെടുന്നു.



