‘രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു, വോട്ട് ചോരിക്ക് സി.ഇ.സി കൂട്ടുന്നു’; രാഹുൽ ഗാന്ധിയുടെ കടുത്ത കടന്നാക്രമണം

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ കടുത്ത ആഭ്യന്തര ഭിന്നതയും ക്രമക്കേടുകളും പുറത്തുവന്നതിന് പിന്നാലെ, തന്നിഷ്ടപ്രകാരം ഭരണഘടനാ വിരുദ്ധ തീരുമാനങ്ങളെടുക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടുകൾ സംരക്ഷിക്കേണ്ട കമ്മീഷൻ തന്നെ അട്ടിമറിക്ക് കൂട്ടുനിൽക്കുകയാണെന്നും, ജനാധിപത്യത്തിനും രാജ്യത്തിനുമെതിരെയുള്ള ഈ അക്രമത്തിന്റെ അനന്തരഫലങ്ങൾ സി.ഇ.സിയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരും നാളെ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത അടിയന്തര വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധി കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയത്.അടുത്തിടെ നടന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻതോതിൽ അട്ടിമറിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ഇതിനുപിന്നിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ് ഗ്യാനേഷ് കുമാറിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. അദ്ദേഹം നടത്തിയ ഗുരുതരമായ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി താൻ അയച്ച കത്തിൽ യാതൊരു നടപടിയും ഉണ്ടാകാത്തത് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇയാളെ നേരിട്ട് സംരക്ഷിക്കുന്നത് കൊണ്ടാണ്.

വോട്ട് അട്ടിമറിച്ചാണ് ഈ സർക്കാർ അധികാരത്തിലിരിക്കുന്നത്. ഇന്ത്യയിൽ ഏത് സർക്കാറിനെതിരെയും ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടാകാറുണ്ട്. ബംഗ്ലാദേശ് യുദ്ധം ജയിച്ച് പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന ഇന്ദിരാഗാന്ധി പോലും ജനവിധിയിൽ പരാജയപ്പെട്ടിട്ടുണ്ട്. എന്നിട്ടും ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും എതിരായി മാത്രം എന്തുകൊണ്ടാണ് ഈ തരംഗം പ്രതിഫലിക്കാത്തതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കമ്മീഷന്റെ അട്ടിമറി” എന്ന് രാഹുൽ ചൂണ്ടിക്കാട്ടി.’വോട്ട് ചോരി’യിലൂടെ രാജ്യത്തിന്റെ അടിസ്ഥാന ജനാധിപത്യ വ്യവസ്ഥയെത്തന്നെ ബി.ജെ.പിയും കമ്മീഷനും ചേർന്ന് തകർത്തിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങൾക്ക് തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതായാൽ പിന്നെ ഭരണഘടനയ്ക്ക് നിലനിൽപ്പില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കുന്ന ശക്തമായ തെളിവുകൾ തങ്ങളുടെ കൈവശമുണ്ടെന്നും, ഇത്തരമൊരു ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയിലൂടെ രാജ്യം മുമ്പ് ഒരിക്കലും കടന്നുപോയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles