ജിദ്ദ: സൗദിയിലെ ജിദ്ദ ഗവർണറേറ്റിൽ ഡിസംബർ ഏഴിന് രേഖപ്പെടുത്തിയത് 135 മില്ലിമീറ്റർ മഴ. ഇതോടെ സമീപ വർഷങ്ങളിൽ നഗരത്തിൽ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന മഴയുടെ കണക്കിൽ ഇത് രണ്ടാം സ്ഥാനത്തെത്തി. 2022 നവംബർ 24-ന് ജിദ്ദയുടെ തെക്കൻ ഭാഗത്ത് രേഖപ്പെടുത്തിയ 179 മില്ലിമീറ്റർ മഴയാണ് ഏറ്റവും ഉയർന്ന റെക്കോർഡ്. 2009-ലെ 90 മില്ലിമീറ്ററും 2011-ലെ 111 മില്ലിമീറ്ററും എന്ന മുൻ റെക്കോർഡുകളെ മറികടന്നാണ് ഈ കണക്കുകൾ.
ഈ ശക്തമായ മഴയിലും ജിദ്ദ വെള്ളത്തിനടിയിൽ ആവാതിരുന്നത് മക്ക പ്രവിശ്യ എമിറേറ്റ് നടപ്പാക്കിയ വെള്ളപ്പൊക്ക നിർമാർജന പദ്ധതികളുടെ വിജയമാണ് സൂചിപ്പിക്കുന്നത്. ഈ സ്ഥിരം പരിഹാര പദ്ധതികളിൽ അഞ്ച് അണക്കെട്ടുകളുടെ നിർമ്മാണം, ഡ്രെയിനേജ് ചാനലുകളുടെ നിർമ്മാണം, നിലവിലുള്ള ചാനലുകളുടെ വിപുലീകരണം, കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള പുതിയ ഡ്രെയിനേജ് ചാനലിന്റെ നിർമ്മാണം എന്നിവ ഉൾപ്പെടുന്നു.



