റിയാദ്: വ്യക്തിഗത ആവശ്യങ്ങൾക്കായി വിദേശത്തുനിന്നും സെക്യൂരിറ്റി ക്യാമറകൾ ഇറക്കുമതി ചെയ്യുന്നതിന് നാല് പ്രധാന നിബന്ധനകൾ പാലിക്കണമെന്ന് സൗദി. ഇറക്കുമതി നടപടികൾ സുഗമമാക്കുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടി സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
ഇറക്കുമതി ചെയ്യുന്ന ക്യാമറകൾ പൂർണ്ണമായും വ്യക്തിഗത ആവശ്യങ്ങൾക്ക് മാത്രമായിരിക്കണം. വാണിജ്യ ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കാൻ പാടുള്ളതല്ല. ഒരു വ്യക്തിക്ക് ഒരു വർഷത്തിനുള്ളിൽ പരമാവധി 12 ക്യാമറകൾ മാത്രമേ ഇറക്കുമതി ചെയ്യാൻ അനുവാദമുള്ളൂ.
പേനയിലോ കണ്ണടയിലോ ഒളിപ്പിച്ചുവെക്കാവുന്ന രീതിയിലുള്ളതോ മറ്റേതെങ്കിലും വസ്തുക്കളുടെ രൂപത്തിലുള്ളതോ ആയ രഹസ്യ ക്യാമറകൾ ഇറക്കുമതി ചെയ്യാൻ പാടില്ല. ചില പ്രത്യേക തരം ക്യാമറകൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
ക്യാമറകൾ ഇറക്കുമതി ചെയ്യുന്നതിന് മുൻപ് ഈ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് യാത്രക്കാരും ഉപഭോക്താക്കളും ഉറപ്പുവരുത്തണമെന്ന് അതോറിറ്റി അറിയിച്ചു. നിയമവിരുദ്ധമായ രീതിയിൽ ക്യാമറകൾ കൊണ്ടുവരുന്നത് കസ്റ്റംസ് നടപടികൾക്കും പിഴയ്ക്കും കാരണമായേക്കാം.



