ഹൈദരാബാദ്: ഹൈദരാബാദിൽ ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയ ഭർത്താവിൻറെ ക്രൂര കൊലപാതകം. മൂന്ന് മക്കളുടെയും മുന്നിലിട്ട് ഭാര്യയെ തീകൊളുത്തിയാണ് ക്രൂര കൃത്യം നടത്തിയത്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂത്ത മകൾക്കും ഗുരുതരമായി പൊള്ളലേറ്റു.
ഹൈദരാബാദിലെ ജഗദ്ഗിരിഗുട്ടയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുടുംബകലഹത്തെത്തുടർന്ന് പ്രകോപിതനായ ഭർത്താവ് ഭാര്യയുടെ മേൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദമ്പതികളുടെ മൂന്ന് മക്കളും നോക്കിനിൽക്കെയാണ് ഈ അക്രമം അരങ്ങേറിയത്. കരഞ്ഞുകൊണ്ട് അമ്മയെ രക്ഷിക്കാൻ ശ്രമിച്ച എട്ട് വയസ്സുകാരിയായ മകൾക്കും അക്രമത്തിൽ പൊള്ളലേറ്റു.
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിൽ കഴിയുന്ന മകളുടെ നിലയും ആശങ്കാജനകമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭാര്യക്ക് മറ്റാരോടോ ബന്ധമുണ്ടെന്ന ഭർത്താവിന്റെ അനാവശ്യമായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലപാതകം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കുട്ടികളുടെ മാനസികാവസ്ഥ പരിഗണിച്ച് അവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകാൻ ശിശുക്ഷേമ സമിതി തീരുമാനിച്ചിട്ടുണ്ട്.



