വാഷിംഗ്ടൺ/തെഹ്‌റാൻ: വിലക്കയറ്റത്തെത്തുടർന്ന് ഇറാനിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് നീങ്ങുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 203 കടന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ഇറാനിൽ സൈനിക നടപടി ഉണ്ടാകുമെന്ന സൂചനകൾ നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പശ്ചിമേഷ്യയിലെ സൈനിക വിന്യാസം വിലയിരുത്തി. പ്രക്ഷോഭകാരികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ട്രംപ്, ഇറാൻ ജനത സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സഹായിക്കാൻ യുഎസ് തയ്യാറാണെന്നും വ്യക്തമാക്കി. ഇസ്രായേലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
അതേസമയം, രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ആരോപിച്ചു. ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഉണ്ടായാൽ യുഎസിന്റെയും ഇസ്രായേലിന്റെയും സാമ്പത്തിക-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കടുത്ത തിരിച്ചടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ ഏതുനിമിഷവും ഒരു യുദ്ധസാഹചര്യം ഉടലെടുത്തേക്കാമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഇറാനിലെ വ്യോമഗതാഗതം ഇതിനോടകം തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്.



