തിരുവനന്തപുരം: സ്വന്തം വിവാഹദിനത്തിൽ യുവാവ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. തിരുവനന്തപുരം ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് ശ്രീകാര്യത്ത് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സുമായി ബൈക്ക് കൂട്ടിയിടിച്ചു മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ദീർഘകാലമായി പ്രണയത്തിലായിരുന്ന രാഗേഷും കാമുകിയും വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ഇന്ന് ക്ഷേത്രത്തിൽ വെച്ച് വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് വിധിയുടെ ക്രൂരത പോലെ മരണം സംഭവിക്കുന്നത്.
ഞായറാഴ്ച രാത്രി ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു രാഗേഷ്. ചാർജിംഗിന് ശേഷം വരികയായിരുന്ന സ്വിഫ്റ്റ് ഇലക്ട്രിക് ബസിലാണ് രാഗേഷിന്റെ ബൈക്ക് ഇടിച്ചത്. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. വിവാഹ രജിസ്ട്രേഷനും ക്ഷേത്രത്തിലെ താലികെട്ടും നടക്കേണ്ടിയിരുന്ന സുദിനം രാഗേഷിന്റെ കുടുംബത്തിനും പ്രതിശ്രുത വധുവിനും തീരാവേദനയായി മാറി. പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു..



