തിരുവനന്തപുരം: കേരളത്തിൽ ഭരിക്കുന്നത് സംഘപരിവാറിന്റെ ബി ടീമാണെന്നും മുൻപത്തെ കോൺഗ്രസ്-ലീഗ്-ബി.ജെ.പി (കോ-ലി-ബി) സഖ്യകാലം മുതൽ ആരംഭിച്ച യു.ഡി.എഫ് – ബി.ജെ.പി കൂട്ടുകെട്ടിന്റെ തുടർച്ചയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദി, ഇ.ഡി, വി.ഡി. സതീശൻ’ എന്നിവർ ചേർന്ന പുതിയ അക്ഷസഖ്യമാണ് സംസ്ഥാന ഭരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തുടനീളം പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബി.ജെ.പി നയങ്ങൾക്ക് യു.ഡി.എഫ് പൂർണ്ണ പിന്തുണ നൽകുകയാണ്. മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ട് ഇ.ഡി നടത്തുന്ന രാഷ്ട്രീയ വേട്ടയ്ക്ക് വി.ഡി. സതീശൻ സർക്കാർ കുടപിടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഡി.ജി.പിയെ ചുമതലപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. പലരിൽ നിന്നും ഭീഷണിപ്പെടുത്തിയാണ് ഇ.ഡി മൊഴികൾ രേഖപ്പെടുത്തിയത്. ഈ നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും, ഒരു സി.പി.എം നേതാവിനെയും രാഷ്ട്രീയ വേട്ടയാടലിന് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ മുൻപ് പണം വാങ്ങിയതായി സമ്മതിച്ചിട്ടുണ്ടെന്നും, ഈ തുക എന്തിനാണ് വാങ്ങിയതെന്ന് വ്യക്തമാക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. അക്കൗണ്ട് വഴി മാത്രമേ പണം സ്വീകരിക്കാവൂ എന്ന നിയമം ലംഘിച്ചെങ്കിൽ അത് തിരഞ്ഞെടുപ്പ് കണക്കുകളിൽ എങ്ങനെ ഉൾപ്പെടുത്തിയെന്ന് വ്യക്തമാക്കണം. രാജ്യത്തെ മറ്റ് കോൺഗ്രസ് നേതാക്കൾ ഇ.ഡി നീക്കങ്ങൾക്കെതിരെ സ്വീകരിക്കുന്ന നിലപാടുകൾക്ക് വിപരീതമായി ഇവിടെ പ്രവർത്തിക്കുന്നത് കോൺഗ്രസിന് തന്നെ പരിഹാസ്യമായി മാറുകയാണ്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാട്ടേഡ് വിമാനയാത്രയെയും എം.വി. ഗോവിന്ദൻ ശക്തമായി വിമർശിച്ചു. വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെങ്കിലും യാത്രയുടെ ഭീമമായ ചെലവ് ആരാണ് വഹിച്ചതെന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണം. മറ്റാരുടെയും സ്വാധീനത്തിൽ പെടാതിരിക്കാനാണ് ജനപ്രതിനിധികൾക്ക് സർക്കാർ ചെലവിൽ വീടും വാഹനവും നൽകുന്നത്. ആരുടെയെങ്കിലും സൗജന്യത്തിൽ യാത്ര ചെയ്യുന്നത് സത്യപ്രതിജ്ഞാ ലംഘനവും നിയമലംഘനവുമാണ്. മുൻപ് ഹെലികോപ്റ്റർ യാത്രകളെ ധൂർത്തായി വിമർശിച്ചവർ ഇപ്പോൾ അഴിമതിയുടെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. കെ.എം. ഷാജിക്ക് നൽകിയ മന്ത്രിയുടെ ആഡംബര വാഹനം മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്നും, വിഷയത്തിൽ കെ.പി.സി.സി പ്രസിഡന്റ് നൽകിയ വിശദീകരണം പരിഹാസ്യമാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.



