ടെഹ്റാൻ: ഇറാനിയൻ വിമാനക്കമ്പനികൾക്ക് മേൽ കൂടുതൽ കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ് തള്ളി ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ. യു.എസ് ഉപരോധ നീക്കങ്ങൾ നിലനിൽക്കെത്തന്നെ ഇറാനിയൻ എയർലൈനുകൾ നടത്തുന്ന വിദേശ വിമാന സർവീസുകൾ മുൻപ് നിശ്ചയിച്ച സമയക്രമം അനുസരിച്ച് തടസ്സമില്ലാതെ തുടരുമെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി. എയർലൈനുകളുടെ അന്താരാഷ്ട്ര സർവീസുകളൊന്നും ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും സർവീസുകൾ നിർത്തിവെക്കാൻ വിമാനക്കമ്പനികൾക്ക് യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഇറാൻ വിമാനക്കമ്പനികളുമായി സഹകരിക്കുന്ന വിമാനത്താവളങ്ങൾ, സേവന ദാതാക്കൾ, ഇന്ധന വിതരണക്കാർ, ടിക്കറ്റിങ് ഏജൻസികൾ എന്നിവയെ ലക്ഷ്യമിട്ട് സാമ്പത്തിക സമ്മർദ്ദം കടുപ്പിക്കുമെന്നായിരുന്നു യു.എസ് പ്രഖ്യാപനം. ബുധനാഴ്ച മുതൽ ഇറാനിയൻ കമ്പനികൾക്ക് സേവനം നൽകുന്ന വിദേശ സ്ഥാപനങ്ങൾക്കെതിരെ ‘സെക്കൻഡറി ഉപരോധം’ ഏർപ്പെടുത്തുമെന്നും ഇതിലൂടെ ഇറാൻ എയർലൈനുകളുടെ പ്രവർത്തനം നിലയ്ക്കുമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ ഭീഷണികൾ തങ്ങളുടെ സർവീസുകളെ ബാധിക്കില്ലെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.
അതേസമയം, ഇറാനെതിരെ ഏകപക്ഷീയമായി ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ ചൈന ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയോ യു.എൻ രക്ഷാസമിതിയുടെയോ യാതൊരുവിധ അംഗീകാരവുമില്ലാത്ത നിയമവിരുദ്ധമായ നടപടിയാണ് യു.എസ് കൈക്കൊള്ളുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ കുറ്റപ്പെടുത്തി. വർഷങ്ങളായി തുടരുന്ന നേരിട്ടുള്ള അമേരിക്കൻ ഉപരോധങ്ങൾ മൂലം പുതിയ വിമാനങ്ങളും സ്പെയർ പാർട്സുകളും വാങ്ങാനാകാതെ ഇറാന്റെ വ്യോമയാന മേഖല ഇതിനകം തന്നെ കടുത്ത പ്രതിസന്ധിയിലാണ്. ട്രംപ് ഭരണകൂടം കൂടുതൽ ഉപരോധങ്ങളുമായി മുന്നോട്ടുപോകുന്നത് മേഖലയിലെ നയതന്ത്ര സംഘർഷങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.



