തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായരായിരുന്ന കെ.എം മാണിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും സ്മാരകങ്ങൾ നിർമ്മിക്കുന്നതിനായി ഭൂമി വിട്ടുനൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം കവടിയാറിലാണ് കെ.എം മാണി സ്മാരകത്തിന് ഭൂമി അനുവദിച്ചത്. കെ.എം മാണി ഫൗണ്ടേഷന്റെ കീഴിൽ ‘കെ.എം മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫോർമേഷൻ’ സ്ഥാപിക്കുന്നതിനായി 25 സെന്റ് ഭൂമിയാണ് 30 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത്. പ്രതിവർഷം ആർ ഒന്നിന് 100 രൂപ നിരക്കിലാണ് ഭൂമി കൈമാറുക.
മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനായി തലശ്ശേരി വാടിക്കകത്താണ് ഭൂമി അനുവദിച്ചിരിക്കുന്നത്. ‘കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസ്’ സ്ഥാപിക്കുന്നതിനായി 1.139 ഏക്കർ ഭൂമി ഇതേ പാട്ട വ്യവസ്ഥയിൽ നൽകാൻ തീരുമാനമായി. ഇതിനുപുറമെ, നൈപുണ്യ വികസനത്തിലൂടെ യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്ന ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ പുതുക്കിയ മാർഗ്ഗരേഖയ്ക്കും സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 48 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.



