ജിദ്ദ: വർഷങ്ങളായി മുടങ്ങിക്കിടന്ന ജിദ്ദ മെട്രോ പദ്ധതി യാഥാർഥ്യമാക്കാൻ സൗദി അറേബ്യ വീണ്ടും നടപടികൾ ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമായ ‘ബ്ലൂ ലൈൻ’ നിർമ്മാണത്തിനായുള്ള പ്രാഥമിക ഡിസൈൻ കൺസൾട്ടൻസി ടെൻഡറുകൾ ജിദ്ദ ഡെവലപ്‌മെന്റ് അതോറിറ്റി ക്ഷണിച്ചു. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഹറമൈൻ അതിവേഗ റെയിൽവേ സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് 35 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈൻ. ഈ പാതയിൽ ആകെ 15 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
2010-ൽ പ്രഖ്യാപിച്ച ജിദ്ദ മെട്രോ പദ്ധതി 2015-ലെ എണ്ണവിലയിടിവിനെത്തുടർന്നാണ് സാമ്പത്തിക പുനർക്രമീകരണത്തിന്റെ ഭാഗമായി നിർത്തിവെച്ചത്. എന്നാൽ വിഷൻ 2030-ന്റെ ഭാഗമായും 2034-ൽ രാജ്യം ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായും പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ബ്ലൂ ലൈൻ കൂടാതെ ഓറഞ്ച്, ഗ്രീൻ, റെഡ് എന്നിങ്ങനെ ആകെ നാല് ലൈനുകളിലായി 161 കിലോമീറ്റർ ദൂരവും 81 സ്റ്റേഷനുകളുമാണ് ജിദ്ദ മെട്രോ ശൃംഖലയിൽ ഉണ്ടാവുക. ടെൻഡറുകൾ സമർപ്പിക്കാൻ കൺസൾട്ടൻസി കമ്പനികൾക്ക് മാർച്ച് വരെ സമയം അനുവദിച്ചിട്ടുണ്ട്.



