15 C
Saudi Arabia
Wednesday, February 4, 2026
spot_img

ശബരിമല സ്വർണ്ണക്കൊള്ളയുടെ ശാസ്ത്രീയ തെളിവുകൾ; വി.എസ്.എസ്.സി റിപ്പോർട്ട് അന്വേഷണ സംഘത്തിന്

കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ വഴിത്തിരിവാകുന്ന വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കൊല്ലം വിജിലൻസ് കോടതിയാണ് സീൽ വെച്ച കവറിൽ വി.എസ്.എസ്.സി സമർപ്പിച്ച റിപ്പോർട്ട് എസ്.ഐ.ടിക്ക് നൽകിയത്. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങൾ, വാതിൽ ചട്ടങ്ങൾ തുടങ്ങി 15 ഓളം സാമ്പിളുകളിൽ നടത്തിയ സൂക്ഷ്മമായ മെറ്റലർജിക്കൽ പരിശോധനയുടെ ഫലമാണ് ഇതിലുള്ളത്. ക്ഷേത്രത്തിലെ സ്വർണ്ണപ്പാളികൾ മാറ്റിയോ എന്നും സ്വർണ്ണത്തിന്റെ അളവിലും പരിശുദ്ധിയിലും കുറവുണ്ടായോ എന്നും ഈ റിപ്പോർട്ടിലൂടെ വ്യക്തമാകും.

2019-ൽ നടന്ന നവീകരണ പ്രവർത്തനങ്ങൾക്കിടെയാണ് സ്വർണ്ണത്തിൽ ക്രമക്കേട് നടന്നതെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. യഥാർത്ഥ സ്വർണ്ണപ്പാളികൾ മാറ്റി പകരം ചെമ്പ് പാളികളിൽ സ്വർണ്ണം പൂശി വെച്ചോ എന്നതായിരുന്നു വി.എസ്.എസ്.സിയിലെ പ്രധാന പരിശോധന. ഈ റിപ്പോർട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കർദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു. വി.എസ്.എസ്.സി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സ്വർണ്ണക്കൊള്ളയുടെ ആഴം വ്യക്തമാക്കുമെന്നതിനാൽ കേസിൽ വരുംദിവസങ്ങളിൽ കൂടുതൽ നിർണ്ണായകമായ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles