റിയാദ് മെട്രോയിലെ ആദ്യ കണ്മണി; അൽ-അന്ദലൂസ് സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം

റിയാദ്: റിയാദ് മെട്രോ ശൃംഖലയുടെ ചരിത്രത്തിലെ ആദ്യത്തെ കണ്മണിക്ക് അൽ-അന്ദലൂസ് സ്റ്റേഷൻ സാക്ഷിയായി. യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ മെട്രോ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ സ്റ്റേഷനിൽ വെച്ച് പ്രസവത്തിന് സഹായിക്കുകയായിരുന്നു. ആംബുലൻസ് സംഘം എത്തുന്നതുവരെ മെട്രോയിലെ വനിതാ ജീവനക്കാരുടെ നേതൃത്വത്തിൽ തികഞ്ഞ പ്രൊഫഷണലിസത്തോടും കരുതലോടെയുമാണ് ഈ അടിയന്തര സാഹചര്യം കൈകാര്യം ചെയ്തതെന്ന് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അധികൃതർ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനുമുള്ള മെട്രോ ടീമിന്റെ സന്നദ്ധത വെളിപ്പെടുത്തുന്നതായിരുന്നു ഈ സംഭവം. മെട്രോ ശൃംഖലയിലെ ഈ അപൂർവ്വ നിമിഷം ആഘോഷിക്കുന്നതിനായി, നവജാതശിശുവിന്റെ മാതാപിതാക്കൾക്ക് റിയാദ് മെട്രോ അധികൃതർ പ്രത്യേക സമ്മാനം നൽകി. ഒരു വർഷത്തേക്ക് കാലാവധിയുള്ള രണ്ട് ഫസ്റ്റ് ക്ലാസ് ‘ദർബ്’ കാർഡുകളാണ് മാതാപിതാക്കൾക്ക് സമ്മാനമായി ലഭിച്ചത്. സംഭവത്തിൽ പങ്കാളികളായ ജീവനക്കാരെ അധികൃതർ അഭിനന്ദിച്ചു. നിലവിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles