17.9 C
Saudi Arabia
Tuesday, February 24, 2026
spot_img

ഉമ്മൻചാണ്ടിക്കെതിരായ അപകീർത്തികരമായ പരാമർശം; ഒ.ഐ.സി.സി പ്രതിഷേധ സംഗമം

ജിദ്ദ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനഹൃദയങ്ങളിൽ ആഴത്തിൽ സ്ഥാനമുറപ്പിച്ച ജനകീയ നേതാവുമായ ഉമ്മൻചാണ്ടിയെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിൽ കെ.ബി. ഗണേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) ശക്തമായ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

ഗണേഷ് കുമാറിനെ പോലുള്ളവർ എത്രത്തോളം അധിക്ഷേപങ്ങൾ നടത്തിയാലും ഉമ്മൻചാണ്ടിയുടെ ജനകീയ പ്രതിച്ഛായക്കും സൽപ്പേരിനും യാതൊരു കറയും പതിയില്ലെന്നും, ജനകോടികളുടെ ഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്ഥാനം ആരും കവർന്നെടുക്കാനാവില്ലെന്നും അവർ വ്യക്തമാക്കി.

സർക്കാരിനെയും ഇടതുമുന്നണിയെയും ഗുരുതര പ്രതിസന്ധിയിലാക്കിയ ശബരിമല സ്വർണക്കള്ളക്കടത്ത്, മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും നിരന്തരം ആവർത്തിക്കുന്ന ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ, ജനവിരുദ്ധ ഭരണപരാജയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിന്ന് പൊതുജന ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള അർത്ഥശൂന്യമായ വിവാദ നാടകങ്ങൾ അരങ്ങേറുന്നതെന്നും പ്രതിഷേധ യോഗം കുറ്റപ്പെടുത്തി.

പ്രതിഷേധത്തിന്റെ ഭാഗമായി കെ.ബി. ഗണേഷ് കുമാറിനെതിരെ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടാണ് പ്രതിഷേധ സംഗമം സമാപിച്ചത്. ഷറഫിയ ഒ ഐ സി സി ഓഫീസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഇൻചാർജ് അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിൽ സ്വാഗതവും ട്രഷറർ ഫൈസൽ മക്കരപ്പറമ്പ് നന്ദിയും രേഖപ്പെടുത്തി. ഇ.പി. മുഹമ്മദാലി, കമാൽ കളപ്പാടൻ, ഉസ്മാൻ കുണ്ടുകാവിൽ, മുജീബ് റഹ്മാൻ കാളികാവ്, സാജു റിയാസ് എന്നിവർ പ്രസംഗിച്ചു

 

Related Articles

- Advertisement -spot_img

Latest Articles