റിയാദ്: സൗദി വിഷൻ 2030 പദ്ധതിയുടെ തുടക്കം മുതൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (GDP) വൻ കുതിച്ചുചാട്ടമുണ്ടായതായി സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് അറിയിച്ചു. 2016-ൽ വിഷൻ 2030 ആരംഭിക്കുമ്പോൾ 650 ബില്യൺ ഡോളറായിരുന്ന സൗദി സമ്പദ്‌വ്യവസ്ഥ ഇപ്പോൾ ഏകദേശം ഇരട്ടിയായി വർധിച്ച് 1.3 ട്രില്യൺ ഡോളറിലെത്തിയിരിക്കുകയാണ്. റിയാദിൽ നടന്ന ‘ഫോർച്യൂൺ ഗ്ലോബൽ ഫോറത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഷൻ 2030-ന്റെ ലക്ഷ്യങ്ങളിൽ ഏകദേശം 85 ശതമാനത്തോളം ഇതിനകം കൈവരിക്കുകയോ അല്ലെങ്കിൽ പൂർത്തിയാക്കാനുള്ള പാതയിലോ ആണെന്ന് മന്ത്രി വ്യക്തമാക്കി. എണ്ണയിതര മേഖലയുടെ വിഹിതം ജിഡിപിയിൽ 40 ശതമാനത്തിൽ നിന്ന് 56 ശതമാനമായി ഉയർന്നത് രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യ വൽക്കരണത്തിന് തെളിവാണ്. തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി കുറഞ്ഞതും തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം 37 ശതമാനമായി വർധിച്ചതും പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2030-ഓടെ ആഗോളതലത്തിൽ ഏറ്റവും മികച്ച 15 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി മാറുകയാണ് സൗദിയുടെ ലക്ഷ്യം.



