ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പൂർണ്ണമായും പരിഹരിച്ചെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഉണ്ടാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചകൾ ഏറെ സൗഹാർദ്ദപരമായിരുന്നുവെന്നും പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും തുറന്ന് സംസാരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ 56 സ്ഥാനാർത്ഥികൾക്കായി താൻ പ്രചാരണത്തിന് ഇറങ്ങിയിരുന്നുവെന്നും ഇത്തവണ അതിനേക്കാൾ സജീവമായി പാർട്ടിക്ക് വേണ്ടി രംഗത്തുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
താനും കോൺഗ്രസ് പാർട്ടിയും ഇപ്പോൾ ഒരേ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ്ണ തൃപ്തനാണെന്നും തരൂർ പറഞ്ഞു. തന്നെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും സി.പി.ഐ.എമ്മിലേക്ക് പോകുമെന്ന വാർത്തകൾ എവിടെ നിന്നാണ് വരുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. വിഭാഗീയതകൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് തീരുമാനം. തരൂരിന്റെ ഈ പ്രഖ്യാപനം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്.



