സംസ്ഥാനത്തെ ഹജ്ജ് വിമാന ഷെഡ്യൂൾ പുറത്തിറക്കി; ആദ്യ വിമാനം ഏപ്രിൽ 30ന് കൊച്ചിയിൽ നിന്ന്

കോഴിക്കോട് : 2026-ലെ ഹജ്ജ് തീർഥാടനത്തിന് കേരളത്തിൽ നിന്ന് പോകുന്നവർക്കുള്ള വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. ഉച്ചക്ക് 2.10ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഫ്ലൈ നാസ് വിമാനമാണ് സർവീസ് ആരംഭിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഇത്തവണ കൊച്ചി, കരിപ്പൂർ, കണ്ണൂർ എന്നീ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നാണ് യാത്രക്കാർക്കായി സൗകര്യമൊരുക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് മൊത്തം 20 സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

മറ്റ് വിമാനത്താവളങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, കരിപ്പൂരിൽ നിന്ന് ആകാശ എയറും കണ്ണൂരിൽ നിന്ന് ഫ്ലൈ അദീൽ വിമാന കമ്പനിയുമാണ് സർവീസുകൾ നടത്തുക. കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം മെയ് 5ന് രാത്രി 11.30ന് പുറപ്പെടും. കണ്ണൂരിൽ നിന്ന് ആകെ 13 സർവീസുകളാണ് ഉള്ളത്. ഓരോ വിമാനത്തിലും 348 തീർഥാടകർക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ടാകും. കുറഞ്ഞ ദിവസത്തെ തീർഥാടനം (ഷോർട്ട് ഹജ്ജ്) തിരഞ്ഞെടുത്തവർക്കായി മെയ് 17, 18, 19 തീയതികളിൽ കൊച്ചിയിൽ നിന്ന് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള അവസാന വിമാനം മെയ് 19ന് യാത്രയാകും. തീർഥാടകർക്കുള്ള ക്യാമ്പ് സൗകര്യങ്ങളും മറ്റ് ക്രമീകരണങ്ങളും ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles