തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുന്നതായി സൂചന. പ്രതികൾക്കെതിരെ കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കുന്നതിൽ പ്രത്യേക അന്വേഷണ സംഘം വരുത്തിയ വീഴ്ചയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കേസിൽ അറസ്റ്റിലായ 12 പ്രതികളിൽ ഭൂരിഭാഗവും സർക്കാർ ഉദ്യോഗസ്ഥരായതിനാൽ ഇവർക്കെതിരെ കുറ്റപത്രം നൽകാൻ സർക്കാരിന്റെ പ്രത്യേക പ്രൊസീക്യൂഷൻ അനുമതി ആവശ്യമാണ്. എന്നാൽ ഇതുവരെ ഈ അനുമതി തേടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഇത് പ്രതികൾക്ക് കോടതി വഴി സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള വഴിയൊരുക്കുകയാണെന്ന് ആരോപണമുയരുന്നു.
അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അർഹതയുണ്ട്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു ഉൾപ്പെടെയുള്ള പ്രമുഖർ ഫെബ്രുവരി പകുതിയോടെ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യതയേറി. ഇതിനോടകം തന്നെ ചില പ്രതികൾക്ക് ജാമ്യം ലഭിച്ചുകഴിഞ്ഞു. കൊള്ളയടിക്കപ്പെട്ട സ്വർണ്ണം എവിടെയാണെന്നോ എത്രത്തോളം നഷ്ടപ്പെട്ടെന്നോ ഉള്ള കാര്യത്തിൽ ഇപ്പോഴും വ്യക്തത വരുത്താൻ പോലീസിനായിട്ടില്ല. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം നഷ്ടപ്പെട്ട കേസിൽ ഉന്നതരെ സംരക്ഷിക്കാനുള്ള നീക്കമാണോ നടക്കുന്നത് എന്ന സംശയത്തിലാണ് ഭക്തജനങ്ങളും പൊതുസമൂഹവും.



