തിരുവനന്തപുരം: ഒന്നിലധികം പീഡനക്കേസുകളിൽ പ്രതിയായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമസഭയുടെ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി ഇന്ന് നിർണ്ണായക തീരുമാനമെടുക്കും. ഡി.കെ മുരളി എം.എൽ.എ നൽകിയ പരാതിയാണ് സമിതി പരിഗണിക്കുന്നത്. ക്രിമിനൽ കേസുകളിൽ നിരന്തരം പ്രതിയാകുന്നവർക്കെതിരെ നിയമസഭയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് നടപടിയെടുക്കാൻ വ്യവസ്ഥയുണ്ട്. പരാതിക്കാരനായ ഡി.കെ മുരളിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും കമ്മിറ്റി റിപ്പോർട്ട് നൽകുക.
മൂന്നാമത്തെ ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ രാഹുൽ നിലവിൽ സഭാ സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും അദ്ദേഹം എം.എൽ.എ സ്ഥാനം രാജിവെച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സഭ നേരിട്ട് അയോഗ്യനാക്കാനുള്ള നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഈ സർക്കാരിന്റെ അവസാന സഭാ സമ്മേളനത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുക എന്നത് വെല്ലുവിളിയാണെങ്കിലും, എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്പീക്കർക്ക് അന്തിമ തീരുമാനമെടുക്കാം. വിഷയത്തിൽ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാടുകൾ വരും ദിവസങ്ങളിൽ സഭയിൽ വലിയ വാക്പോരിന് വഴിതുറന്നേക്കും.



