സി.ജെ. റോയിയുടെ മരണം: ജുഡീഷ്യൽ അന്വേഷണം വേണം; മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ഉടമയുമായ സി.ജെ. റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചു. ആദായനികുതി വകുപ്പിന്റെ പരിശോധനക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവും റോയിയുടെ മരണത്തിന് കാരണമായെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഒരു വ്യവസായിയെ ഇത്തരമൊരു ദാരുണമായ അന്ത്യത്തിലേക്ക് നയിച്ച സാഹചര്യം തീരാകളങ്കമാണെന്നും സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സി.ജെ. റോയി സ്വയം വെടിവെച്ച് ജീവനൊടുക്കിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റോയിക്കും കുടുംബത്തിനും കടുത്ത മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സി.ജെ. ബാബു നേരത്തെ ആരോപിച്ചിരുന്നു. റോയിക്ക് കടബാധ്യതകളോ മറ്റ് ഭീഷണികളോ ഉണ്ടായിരുന്നില്ലെന്നും മൂന്ന് ദിവസമായി ആദായനികുതി ഉദ്യോഗസ്ഥർ ഓഫീസിലുണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു. വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഡി.ഐ.ജി വംശി കൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles