26.8 C
Saudi Arabia
Sunday, March 22, 2026
spot_img

ശബരിമല സ്വർണ്ണ കൊള്ളക്കേസ്: മുരാരി ബാബു കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. ശബരിമലയിലെ ദ്വാരപാലക കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. കേസ് ഇ.ഡി ഏറ്റെടുത്ത ശേഷം ചോദ്യം ചെയ്യലിന് എത്തുന്ന ആദ്യ വ്യക്തിയാണ് മുരാരി ബാബു. പ്രത്യേക അന്വേഷണ സംഘം (SIT) രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനെത്തുടർന്ന് ഇദ്ദേഹം നേരത്തെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് കേന്ദ്ര ഏജൻസി അന്വേഷണം വ്യാപിപ്പിക്കുന്നത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കേന്ദ്രീകരിച്ചാണ് നിലവിലെ ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം പേർക്ക് ഇ.ഡി ഇതിനോടകം നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം, നെഞ്ചുവേദനയെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ശബരിമല തന്ത്രി കണ്ഠര് രാജീവരെ ആഞ്ചിയോഗ്രാമിന് ശേഷം ഡിസ്ചാർജ് ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് തിരികെ മാറ്റി. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യുന്നതോടെ കേസിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് ഇ.ഡി പ്രതീക്ഷിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles