ജിദ്ദ: കെ.പി.സി.സി.യുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ജിദ്ദ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ നിർവ്വഹിച്ചു. വായനയും എഴുത്തും സാഹിത്യവും മനുഷ്യനെ മാനസികമായി കരുത്തനാക്കുന്ന ശക്തികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാംസ്കാരികവും രാഷ്ട്രീയവുമായ അവബോധം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ, ഗാന്ധിയൻ ദർശനങ്ങൾ, നെഹ്‌റൂവിയൻ ആശയങ്ങൾ എന്നിവ വരുംതലമുറയ്ക്ക് പകർന്നുനൽകുന്നതിൽ ഈ സ്ഥാപനം നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു നല്ല പുസ്തകം നമ്മെ അറിവിലേക്കും ചിന്തയിലേക്കും നയിക്കുമ്പോൾ, എഴുത്ത് നമ്മുടെ വികാരങ്ങൾക്കും ആശയങ്ങൾക്കും ശബ്ദം നൽകുന്നു. സാഹിത്യം നമ്മുടെ ഭാഷയെയും സംസ്കാരത്തെയും തലമുറകളിലൂടെ ബന്ധിപ്പിക്കുന്നു. പ്രവാസജീവിതത്തിൽ ഈ മൂല്യങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സ്വന്തം നാടിനെയും ഭാഷയെയും വിട്ടുനിൽക്കുമ്പോൾ, മലയാള സാഹിത്യം നമ്മെ വേരുകളോട് ചേർത്തുനിർത്തുന്നു. വായന മാനസിക സമ്മർദ്ദം കുറയ്ക്കാനും എഴുത്ത് ഒറ്റപ്പെടലിനെ അതിജീവിക്കാനും സഹായിക്കും. മലയാള ഭാഷയിൽ എഴുതുകയും വായിക്കുകയും ചെയ്യുന്നത് നമ്മുടെ സാംസ്കാരിക പൈതൃകം നിലനിർത്താനും പുതുതലമുറയ്ക്ക് കൈമാറാനും അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒ.ഐ.സി.സി റീജ്യണൽ പ്രസിഡന്റ് ഹക്കീം പാറക്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ സിമി അബ്ദുൽ ഖാദർ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അസ്ഹാബ് വർക്കല, റീജ്യണൽ ട്രഷറർ ഷെരീഫ് അറക്കൽ, ബുറൈദ പ്രസിഡന്റ് അബ്ദുറഹ്മാൻ,പ്രശസ്ത എഴുത്തുകാരി സൗദ കാന്തപുരം എന്നിവർ ആശംസകൾ നേർന്നു.റീജ്യണൽ ഭാരവാഹികൾ നാഷണൽ ഭാരവാഹികൾ ജില്ലാ പ്രസിഡന്റ് മാർ ഭാരവാഹികൾ ഹെൽപ് ഡെസ്ക് നേതാക്കൾ വനിതാ നേതാക്കൾ പ്രിയദർശിനി കല കായിക നേതാക്കൾ ബാലവേദിയുടെ കുട്ടികൾ.പ്രിയദർശിനി പബ്ലിക്കേഷൻസ് കോഓർഡിനേറ്റർ സുജു തേവരുപറമ്പിൽ സ്വാഗതവും നജീബ് വെഞ്ഞാറമ്മൂട് നന്ദിയും പറഞ്ഞു.



