26.8 C
Saudi Arabia
Sunday, March 22, 2026
spot_img

ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞു; സ്‌കൂൾ കവാടത്തിൽ അധ്യാപികയുടെ പ്രതിഷേധം

കൊല്ലം: നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്കൂൾ മാനേജ്‌മെന്റ് തടഞ്ഞതായി പരാതി. പ്രധാനാധ്യാപിക സിന്ധു എസ്. നായരെയാണ് ഇന്ന് രാവിലെ സ്കൂൾ ഗേറ്റിൽ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞുവെച്ചത്. സ്കൂൾ മാനേജരുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് ജീവനക്കാരൻ വ്യക്തമാക്കിയതോടെ അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവിൽ പോലീസ് എത്തിയാണ് ഇവരെ സ്കൂളിനുള്ളിൽ പ്രവേശിപ്പിച്ചത്. സ്കൂൾ കുട്ടികൾക്കുള്ള മുട്ടയടക്കമുള്ള സാധനങ്ങളുമായി എത്തിയപ്പോഴാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്ന് അധ്യാപിക പറഞ്ഞു.

അധ്യാപകർക്ക് ഇഷ്ടമുള്ള മാന്യമായ വസ്ത്രം ധരിക്കാമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ, മാനേജ്‌മെന്റിന്റെ ഈ നടപടി നിയമവിരുദ്ധമാണെന്ന് സിന്ധു ആരോപിച്ചു. മുൻപും സമാനമായ രീതിയിൽ വസ്ത്രധാരണത്തിന്റെ പേരിൽ തടസ്സങ്ങൾ നേരിട്ടിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. സംഭവത്തിൽ കൊട്ടാരക്കര പോലീസിൽ പരാതി നൽകാനാണ് അധ്യാപികയുടെ തീരുമാനം. എന്നാൽ, അധ്യാപികയുടെ ആരോപണങ്ങൾ സ്കൂൾ മാനേജർ നിഷേധിച്ചു. ഏത് വസ്ത്രം ധരിച്ചു വരുന്നതിനും സ്കൂളിൽ തടസ്സമില്ലെന്നും താൻ അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്നുമാണ് മാനേജരുടെ വിശദീകരണം. അധ്യാപികയും മാനേജ്‌മെന്റും തമ്മിൽ നിലനിൽക്കുന്ന മറ്റ് തർക്കങ്ങളാണോ ഈ സംഭവത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

 

Related Articles

- Advertisement -spot_img

Latest Articles