18.9 C
Saudi Arabia
Wednesday, April 1, 2026
spot_img

സഹപ്രവർത്തകയെ കടന്നുപിടിച്ചു; പത്തനംതിട്ടയിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പിടിയിൽ

പത്തനംതിട്ട: വനിതാ സഹപ്രവർത്തകയെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്ത പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. റാന്നി ഡിവിഷനിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായ എറണാകുളം നേര്യമംഗലം സ്വദേശി കെ.എ. അശോകനെയാണ് ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഇയാൾക്കെതിരെ പരാതി നൽകിയത്. പരാതി ഒതുക്കിത്തീർക്കാൻ വനംവകുപ്പിനുള്ളിൽ നീക്കങ്ങൾ നടന്നതായി ആരോപണമുണ്ടെങ്കിലും, പരാതിയിൽ ഉറച്ചുനിന്ന വനിതാ ഉദ്യോഗസ്ഥയ്ക്കും ഭർത്താവിനും പിന്തുണയുമായി പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കൽ, മോശം പെരുമാറ്റം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അശോകനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താനാണ് പോലീസിന്റെ നീക്കം. മുൻപും സമാനമായ പരാതികളെത്തുടർന്ന് വകുപ്പുതല നടപടി നേരിട്ടിട്ടുള്ള വ്യക്തിയാണ് അശോകൻ. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇയാൾ കൊച്ചുകോയിക്കൽ സ്റ്റേഷനിലേക്ക് എത്തിയത്. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ കർശനമായ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തിൽ ചിറ്റാർ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles