തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം ഉന്നത പ്രതികളിലേക്ക് എത്തുന്നില്ലെന്ന് ആരോപിച്ച് നിയമസഭാ കവാടത്തിന് മുന്നിൽ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധം. “അയ്യപ്പന്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ” എന്ന ബാനറുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യമായി ഇടപെട്ട് സമ്മർദ്ദം ചെലുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. രണ്ട് എം.എൽ.എമാർ സഭാ കവാടത്തിൽ സത്യാഗ്രഹം തുടരുന്ന സാഹചര്യത്തിൽ ഇന്നും നിയമസഭാ നടപടികൾ പ്രക്ഷുബ്ധമാകാനാണ് സാധ്യത.
അതേസമയം, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഇയാൾ സ്വാഭാവിക ജാമ്യം തേടിയത്. പ്രത്യേക അന്വേഷണ സംഘം സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഇയാൾക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, സുധീഷ് കുമാർ, എസ്. ശ്രീകുമാർ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജു നൽകിയ ജാമ്യഹരജി ഈ മാസം 11-ന് കോടതി പരിഗണിക്കും. എസ്.ഐ.ടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന ഹൈക്കോടതി പരാമർശം ആയുധമാക്കി പ്രതിപക്ഷ നീക്കത്തെ പ്രതിരോധിക്കാനാണ് സർക്കാർ നീക്കം.



