28.4 C
Saudi Arabia
Tuesday, February 10, 2026
spot_img

വാഹനാപകടം: മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു; മദ്യപിച്ചിരുന്നില്ലെന്ന് നടൻ

തിരുവനന്തപുരം: വഴുതക്കാട് ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് നടൻ മണിയൻപിള്ള രാജു മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരായി. വെള്ളിയാഴ്ച രാവിലെ 9.45-ഓടെ സുഹൃത്തിനൊപ്പമാണ് അദ്ദേഹം സ്റ്റേഷനിലെത്തിയത്. അപകടത്തിന് ശേഷം നിർത്താതെ പോയ സംഭവത്തിൽ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അപകടമുണ്ടാക്കിയ കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുബ്രമണ്യം ഹാളിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും താൻ തന്നെയാണ് വാഹനമോടിച്ചതെന്നും അദ്ദേഹം പോലീസിനോട് സ്ഥിരീകരിച്ചു.

അപകടസമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നും ബൈക്ക് തന്റെ കാറിന് പിന്നിലിടിക്കുകയായിരുന്നുവെന്നും മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു. അപകടം നടന്നയുടൻ ഭയം തോന്നിയതിനാലും വാഹനം ഓഫ് ആയിപ്പോകുമോ എന്ന് പേടിച്ചതിനാലുമാണ് നിർത്താതെ പോയത്. ഭാര്യ വീട്ടിൽ തനിച്ചായതിനാൽ വേഗം വീട്ടിലെത്തണമെന്നുണ്ടായിരുന്നു. എങ്കിലും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ താൻ മറ്റൊരാളെ വിളിച്ച് ഏൽപ്പിച്ചിരുന്നു. വാഹനം നിർത്താതെ പോയത് തെറ്റാണെന്നും അദ്ദേഹം സമ്മതിച്ചു. അപകടത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതും വീട്ടിൽ ഇല്ലാതിരുന്നതും കാരണം കഴിഞ്ഞദിവസം രാത്രി അദ്ദേഹത്തെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ആർ.സി ബുക്ക് പ്രകാരം സുധീർകുമാർ രാജു എന്ന പേരിലുള്ളതാണ് അപകടമുണ്ടാക്കിയ വാഹനം.

Related Articles

- Advertisement -spot_img

Latest Articles