തിരുവനന്തപുരം: കേരളത്തിൽ രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി. സച്ചിദാനന്ദന്റെ നിരീക്ഷണങ്ങൾ വെറും തെറ്റിദ്ധാരണയുടെ പുറത്തുള്ളതാണെന്നും അദ്ദേഹം എന്തിനാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടതുമുന്നണി മൂന്നാമതും അധികാരത്തിൽ വരുന്നതിൽ ഒരു തടസ്സവുമില്ലെന്നും വികസനത്തുടർച്ചയ്ക്കായി ജനങ്ങൾ എൽ.ഡി.എഫിനെ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തുടർച്ചയായ ഭരണം ബംഗാളിലെ അവസ്ഥയുണ്ടാക്കുമെന്ന വാദത്തെ തള്ളിയ മന്ത്രി, കേരളത്തിൽ തുടർഭരണം ഉണ്ടാകാതിരിക്കാനുള്ള ഒരു കാരണവും കാണുന്നില്ലെന്നും വ്യക്തമാക്കി. ഇതിനുപുറമെ, കോൺഗ്രസ് നേതാവ് ആന്റോ ആന്റണിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരുന്നാളിന് മൂന്ന് ദിവസത്തെ അവധി നൽകണമെന്ന സമസ്തയുടെ ആവശ്യം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



