കാസർകോട്: പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശിനിയായ ചിന്നു പാപ്പുവിനെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാസർകോട് ചൂരിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെങ്കിലും പ്രാഥമിക നിഗമനമനുസരിച്ച് ഇത് ആത്മഹത്യയാണെന്നാണ് പോലീസ് കരുതുന്നത്.
ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറെ സജീവമായിരുന്ന ചിന്നുവിന് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു. യുവതിയുടെ അപ്രതീക്ഷിത വിയോഗവാർത്ത സുഹൃത്തുക്കളെയും ഫോളോവേഴ്സിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ ആദൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.



