19.4 C
Saudi Arabia
Friday, February 27, 2026
spot_img

മന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് തോടന്നൂരിലെ വീടിന് നേരെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ വീടിന്റെ ജനാലച്ചില്ലുകൾ തകർന്നു. മന്ത്രിയെ പ്രതിഷേധിച്ചതിന്റെ പ്രതികാരമായി ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് ബിതുലിന്റെ കുടുംബം ആരോപിച്ചു. നിലവിൽ റിമാൻഡിലുള്ള ബിതുലിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജിനെ ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഇന്നലെ രാത്രി ചേർന്ന മെഡിക്കൽ ബോർഡ് തീരുമാനിക്കുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും രക്തസമ്മർദ്ദം സാധാരണ നിലയിലായതായും ഡോക്ടർമാർ അറിയിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ സ്വന്തം വാഹനത്തിൽ മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു. കേസുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. പ്രതിഷേധം നടന്ന സ്ഥലത്തെ ദൃശ്യങ്ങൾക്കായി പോലീസ് ആർപിഎഫിനും അപേക്ഷ നൽകിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles