14.7 C
Saudi Arabia
Sunday, March 1, 2026
spot_img

പശ്ചിമേഷ്യയിൽ അതീവ ഗുരുതര സാഹചര്യം; യുഎസ്-ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഗുട്ടെറസ്

ന്യൂയോർക്ക്: ഇറാനുനേരെയുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തെയും തുടർന്നുണ്ടായ ഇറാന്റെ പ്രത്യാക്രമണങ്ങളെയും ശക്തമായി അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് അദ്ദേഹം ആശങ്ക അറിയിച്ചത്. മേഖലയിലെ സൈനിക നടപടികൾ അന്താരാഷ്ട്ര സമാധാനത്തെയും സുരക്ഷയെയും സാരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബലപ്രയോഗത്തിലൂടെയുള്ള ഇത്തരം നീക്കങ്ങൾ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് വിരുദ്ധമാണെന്നും എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും ഗുട്ടെറസ് ഓർമ്മിപ്പിച്ചു.

മേഖലയിലെ സംഘർഷം ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാൻ എല്ലാ ഭാഗങ്ങളും സംയമനം പാലിക്കണമെന്നും ശത്രുത ഉടൻ അവസാനിപ്പിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പ്രശ്നപരിഹാരത്തിന് ശ്രമിക്കണം. നിലവിലെ സൈനിക നീക്കങ്ങൾ സാധാരണക്കാരുടെ ജീവിതം അപകടത്തിലാക്കുന്നതായും പ്രാദേശിക സ്ഥിരത തകർക്കുന്നതായും യോഗം വിലയിരുത്തി. സുരക്ഷാ കൗൺസിലിൽ നടന്ന ചർച്ചകളിൽ റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയുടെയും ഇസ്രായേലിന്റെയും നടപടികളെ വിമർശിച്ചു. പശ്ചിമേഷ്യയിലെ തീപിടിത്തം ആഗോള പ്രതിസന്ധിയായി മാറാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിലപാട്.

 

Related Articles

- Advertisement -spot_img

Latest Articles