കുവൈത്ത് സിറ്റി: ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് കുവൈത്ത് നാവിക സൈനികർ കൊല്ലപ്പെട്ടതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. സർജന്റ് വലീദ് സുലൈമാൻ, സർജന്റ് അബ്ദുൽ അസീസ് നാസർ എന്നിവരാണ് ദേശീയ ചുമതലകൾ നിർവഹിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. ആക്രമണം ആരംഭിച്ച ശേഷം 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും കുവൈത്ത് മേഖലയിൽ കണ്ടെത്തിയതായും അവ വിജയകരമായി പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽഅത്വാൻ വ്യക്തമാക്കി. മിസൈലുകളും ഡ്രോണുകളും തടഞ്ഞതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പതിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ രീതിയിലുള്ള ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സൈനിക നടപടിക്ക് പിന്നാലെയുണ്ടായ ഇറാന്റെ തിരിച്ചടിയിൽ ഇതുവരെ 27 കുവൈത്ത് സൈനികർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേർ ഒഴികെയുള്ളവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ആക്രമണത്തെത്തുടർന്ന് രാജ്യത്തിന്റെ തെക്കൻ മേഖലയിലെയും ആറാം റിംഗ് റോഡിനോട് ചേർന്നുള്ളതുമായ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഇതുമൂലം ചിലയിടങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സമുണ്ടായതായും വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു. സായുധ സേന അതീവ ജാഗ്രതയിലാണെന്നും സാഹചര്യങ്ങൾ 24 മണിക്കൂറും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.



