റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിൽ എംബസി കെട്ടിടത്തിന് നേരിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചുവെങ്കിലും ആളപായമോ ഗുരുതരമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണം നടന്ന ഉടനെ തന്നെ സൗദി സുരക്ഷാ സേനയും അമേരിക്കൻ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് റിയാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള യുഎസ് എംബസി ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സംഭവത്തെത്തുടർന്ന് എംബസിക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സന്ദർശകർക്കും ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.



