ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് മാർച്ച് 5, 6 തീയതികളിൽ നടത്താനിരുന്ന സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു. ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ മേഖലയിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങൾക്കും ഈ തീരുമാനം ബാധകമാണെന്ന് സിബിഎസ്ഇ അറിയിച്ചു. മേഖലയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതും വ്യോമഗതാഗത തടസ്സങ്ങളും വിദ്യാർഥികളുടെ സുരക്ഷയും പരിഗണിച്ചാണ് പരീക്ഷകൾ നീട്ടിവെക്കാൻ ബോർഡ് തീരുമാനിച്ചത്.
മാറ്റിവെച്ച പരീക്ഷകൾ എന്ന് നടത്തുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ പ്രസ്താവനയിൽ വ്യക്തമാക്കി. പരീക്ഷാ തീയതികളിൽ മാറ്റം വന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലൂടെയും അതത് സ്കൂളുകൾ വഴിയും വിദ്യാർഥികളെ അറിയിക്കും. ഇന്ത്യയിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും പരീക്ഷാ ഷെഡ്യൂളുകളിൽ നിലവിൽ മാറ്റമില്ല. ഗൾഫ് മേഖലയിലെ ആയിരക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്നതാണ് ഈ തീരുമാനം. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഗണിച്ചാണ് ഈ അടിയന്തര നടപടി.



