മക്ക: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് ഇതുവരെ ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവർക്കുള്ള മുൻഗണനാ രജിസ്ട്രേഷൻ ഷവ്വാൽ മാസം അവസാനം വരെ തുടരുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയപരിധിക്ക് ശേഷം ലഭ്യമായ ഒഴിവുകൾ അനുസരിച്ച് മുൻപ് ഹജ്ജ് ചെയ്തവർക്കും മഹ്റമിനൊപ്പമുള്ളവർക്കും രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കും. ഹജ്ജ് രജിസ്ട്രേഷന് കുറഞ്ഞ പ്രായം 15 വയസ്സായിരിക്കണമെന്നും മന്ത്രാലയം അംഗീകരിച്ച ആരോഗ്യ ചട്ടങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്. വിദേശികൾക്ക് സാധുവായ ഇഖാമ (താമസരേഖ) നിർബന്ധമാണ്; ഒരു വർഷത്തിലധികം പഴക്കമുള്ള ഇഖാമയുള്ളവർക്കായിരിക്കും മുൻഗണന ലഭിക്കുക.
ആഭ്യന്തര തീർത്ഥാടകർക്കായുള്ള രണ്ടാം ഘട്ട രജിസ്ട്രേഷൻ നടപടികൾ ബുധനാഴ്ച ആരംഭിക്കും. അംഗീകൃത കമ്പനികൾ വഴി സ്വദേശികൾക്കും വിദേശികൾക്കുമായി നീക്കിവെച്ചിട്ടുള്ള സീറ്റുകളിലേക്കുള്ള അപേക്ഷകളാണ് ഈ ഘട്ടത്തിൽ സ്വീകരിക്കുക. തീർത്ഥാടകർക്ക് ‘നുസുക്’ (Nusk) ആപ്പ് വഴിയോ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ലഭ്യമായ വിവിധ ഹജ്ജ് പാക്കേജുകൾ പരിശോധിക്കാവുന്നതാണ്. തങ്ങൾക്ക് അനുയോജ്യമായ പാക്കേജ് തിരഞ്ഞെടുക്കാനും സീറ്റുകൾ റിസർവ് ചെയ്യാനുമുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും. തീർത്ഥാടകരുടെ സൗകര്യാർത്ഥം സുതാര്യമായ രീതിയിലാണ് അപേക്ഷാ നടപടികൾ ക്രമീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.



