18.7 C
Saudi Arabia
Saturday, March 7, 2026
spot_img

യുദ്ധം ഏഴാം ദിനത്തിലേക്ക്: ടെഹ്‌റാനിലും ബെയ്റൂത്തിലും അതിശക്തമായ ബോംബാക്രമണം; പശ്ചിമേഷ്യ കത്തുന്നു

ടെഹ്‌റാൻ/ബെയ്റൂത്ത്: പശ്ചിമേഷ്യൻ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ ഇറാൻ്റെയും ലെബനൻ്റെയും തലസ്ഥാന നഗരങ്ങളിൽ ഇസ്രായേൽ അതിശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിലും ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിലും വെള്ളിയാഴ്ച പുലർച്ചെ മുതൽ തുടർച്ചയായ സ്ഫോടന പരമ്പരകളാണ് ഉണ്ടായത്. ഇറാൻ്റെ സൈനിക കേന്ദ്രങ്ങളെയും തന്ത്രപ്രധാനമായ ഭരണകൂട കെട്ടിടങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ടെഹ്‌റാനിലെ ആക്രമണം. ഇതിനു തിരിച്ചടിയായി ഇസ്രായേലിലെ പ്രധാന നഗരങ്ങളിലേക്ക് ഇറാൻ വീണ്ടും മിസൈലുകൾ തൊടുത്തുവിട്ടു. ഇതോടെ മേഖലയിലെ സംഘർഷം നിയന്ത്രണാതീതമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.

ബെയ്റൂത്തിലെ ദാഹിയ പ്രവിശ്യയിൽ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധി പാർപ്പിട സമുച്ചയങ്ങൾ തകരുകയും പുകപടലങ്ങൾ നഗരത്തെ മൂടുകയും ചെയ്തു. അതേസമയം, ടെഹ്‌റാനിലെ വിമാനത്താവളങ്ങൾക്ക് സമീപവും റെവല്യൂഷണറി ഗാർഡിൻ്റെ കേന്ദ്രങ്ങളിലും സ്ഫോടനങ്ങൾ നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ പരമോന്നത നേതാവ് വധിക്കപ്പെട്ടതിന് പിന്നാലെ ആരംഭിച്ച ഈ യുദ്ധം, ഇപ്പോൾ ഇറാനിലെയും ലെബനനിലെയും ജനവാസ മേഖലകളെക്കൂടി ബാധിച്ചിരിക്കുകയാണ്. ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തിലധികം കവിഞ്ഞതായാണ് സൂചന.

യുദ്ധം തീവ്രമായതോടെ മേഖലയിലെ നയതന്ത്ര ശ്രമങ്ങൾ പൂർണ്ണമായും നിലച്ച മട്ടാണ്. അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ വ്യാപിപ്പിക്കുമ്പോൾ, ഇറാൻ തങ്ങളുടെ ‘ആക്സിസ് ഓഫ് റെസിസ്റ്റൻസ്’ സഖ്യകക്ഷികളായ ഹിസ്ബുള്ളയെയും ഹൂതികളെയും ഉപയോഗിച്ച് തിരിച്ചടികൾ കടുപ്പിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലെ എണ്ണ വിതരണ ശൃംഖലയെയും വ്യോമഗതാഗതത്തെയും ഈ സംഘർഷം സാരമായി ബാധിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൈനിക നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

Related Articles

- Advertisement -spot_img

Latest Articles