19.4 C
Saudi Arabia
Wednesday, March 11, 2026
spot_img

അമേരിക്കൻ ആക്രമണം; 2026 ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറുന്നു: ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് ഉടലെടുത്ത കടുത്ത രാഷ്ട്രീയ സാഹചര്യത്തിൽ 2026-ലെ ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ, ടൂർണമെന്റിൽ തങ്ങളുടെ സാന്നിധ്യം ഉണ്ടാവില്ലെന്ന് ഇറാൻ കായിക മന്ത്രി അഹമ്മദ് ദുനിയമാലി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബുധനാഴ്ച സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ കടുത്ത തീരുമാനം അറിയിച്ചത്. തങ്ങളുടെ നേതാവിനെ വധിച്ച ഒരു ഭരണകൂടം (അമേരിക്ക) ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ പങ്കെടുക്കാനുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു മാസങ്ങളായി മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ അന്തരീക്ഷവും ആയിരക്കണക്കിന് പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതും പിന്മാറ്റത്തിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടി. ഇറാന്റെ ആഭ്യന്തര ഫുട്ബോൾ ലീഗും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. നേരത്തെ, അമേരിക്ക വിസ നിഷേധിച്ചതിനെ തുടർന്ന് വാഷിംഗ്ടണിൽ നടന്ന ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പിൽ നിന്നും ഇറാൻ പ്രതിനിധികൾ വിട്ടുനിന്നിരുന്നു. ജൂൺ-ജൂലൈ മാസങ്ങളിലായി വടക്കേ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ജി-യിലായിരുന്നു ഇറാന്റെ സ്ഥാനം. ലോസ് ഏഞ്ചൽസിലും സിയാറ്റിലിലുമായി നിശ്ചയിച്ചിരുന്ന മത്സരങ്ങളിൽ ന്യൂസിലൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവരെയായിരുന്നു ഇറാൻ നേരിടേണ്ടിയിരുന്നത്.

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും ഇറാന് ടൂർണമെന്റിൽ പങ്കെടുക്കാൻ തടസ്സമുണ്ടാകില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉറപ്പുകൾ ഇറാൻ ഭരണകൂടം തള്ളിക്കളയുകയായിരുന്നു. ഇറാന്റെ പിന്മാറ്റത്തോടെ പകരം ഏത് ടീം എത്തുമെന്ന കാര്യത്തിൽ ഫിഫ ഉടൻ തീരുമാനമെടുക്കും. നിലവിലെ നിയമങ്ങൾ അനുസരിച്ച് ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഉയർന്ന റാങ്കുള്ള യു.എ.ഇക്കോ അല്ലെങ്കിൽ പ്ലേ ഓഫ് ഘട്ടത്തിൽ പുറത്തായ ഇറാഖിനോ ലോകകപ്പിലേക്ക് നറുക്കുവീഴാൻ സാധ്യതയുണ്ട്. ടൂർണമെന്റ് തുടങ്ങാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇറാന്റെ ഈ പിന്മാറ്റം ഫിഫയ്ക്കും കായിക ലോകത്തിനും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

 

 

Related Articles

- Advertisement -spot_img

Latest Articles