റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയും റിയാദിലെ ന്യൂ സനാഇയയിലെ പ്ലാസ്റ്റിക് ഫാക്ടറി ജീവനക്കാരനായ രവി ഗോപാലാണ് മരിച്ചത്. മിസൈൽ ആക്രമണത്തെത്തുടർന്ന് തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ചാണ് ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്.
മാർച്ച് 18ന് റിയാദ് നഗരത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു രവി ഗോപാൽ. രവി ഗോപാലിൻറെ നിര്യാണത്തിൽ റിയാദിലെ ഇന്ത്യൻ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും പരേതന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. പരേതന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റ് നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതിനുമായി സൗദി അധികൃതരുമായി ചേർന്ന് എംബസി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്. സൗദിയിലെ പ്രവാസി സംഘടനകളും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ സൗദിയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി നടക്കുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ പ്രവാസി സമൂഹത്തിനിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ എംബസിയുമായി ബന്ധപ്പെടണമെന്നും അധികൃതർ പ്രവാസികളോട് നിർദ്ദേശിച്ചിട്ടുണ്ട്.



